ആദ്യമായി ഞാനവളെ കാണുമ്പോൾ, റോഡിലേക്ക് ചാഞ്ഞു തൂങ്ങിയ ഒരു ബോഗൻവില്ല ചെടിയിൽ നിന്നും അവൾ പൂക്കൾ ഇറുക്കുകയായിരുന്നു. അവളുടെ ശ്രദ്ധ ക്ഷണിക്കാനായി, വെറുതെ ഒരു ചെറിയ ശബ്ദമുണ്ടാക്കിയതാണ്. ഭയന്നു ഞെട്ടിത്തിരിഞ്ഞു നോക്കി പൂക്കൾ നിലത്തിട്ടു അവൾ ഓടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. എനിക്ക് അതിയായ സങ്കടം തോന്നി. വെറുതെ ഒരു തമാശക്ക് ചെയ്തത് ഇത്ര സീരിയസ്സായി അവൾ എടുത്തതെന്തേ എന്ന് എനിക്കു മനസ്സിലായില്ല. തിരിഞ്ഞു നോക്കിയപ്പോഴേക്കും അവൾ എങ്ങോ പോയി മറഞ്ഞിരുന്നു.
നിലത്ത് വീണ പൂക്കൾ എടുത്ത് പോക്കറ്റിലിട്ടു. കോളേജിലെത്തിയിട്ടും, ക്ലാസ്സുകളിൽ ശ്രദ്ധിക്കാൻ എനിക്കു കഴിഞ്ഞില്ല...
‘ഇന്നെന്താ ഒരു മൂഡ്‌ഓഫ് ’ എന്ന കൂട്ടുകാരുടെ ചോദ്യങ്ങൾക്കും എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി. കാര്യം പറഞ്ഞാൽ, ഇത്ര ‘സില്ലി’ കാര്യത്തിനാണോ ഈ ടെൻഷെൻ എന്നും പറഞ്ഞു അവർ കളിയാക്കും എന്ന് ഉറപ്പാണ്. വൈകുന്നേരം മടങ്ങുന്ന വഴി അവളെ കണ്ട് പിടിക്കണം, എന്നിട്ടു അവൾ ഇറുത്ത പൂക്കൾ അവൾക്കു തന്നെ നൽകണം, മനസ്സിലുറപ്പിച്ചു.
വളരെ പണിപെട്ടാണു കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടാൻ കഴിഞ്ഞത്. പ്രതീക്ഷയോടെ, എന്റെ കണ്ണുകൾ ചുറ്റും പരതി പക്ഷെ അവൾ അവിടെ ഉണ്ടായിരുന്നില്ല. തുടർദിവസങ്ങളിലും രാവിലേയും വൈകുന്നേരങ്ങളിലും അവളെ പരതുക എന്റെ പതിവായി. എന്റെ പോക്കറ്റിൽ നിക്ഷേപിച്ചിരുന്ന പൂക്കൾ ഇതിനകം ഉണങ്ങി പൊടിഞ്ഞു തുടങ്ങിയിരുന്നു. ഇനി ഒരിക്കലും കാണില്ല എന്നു മനസ്സിലുറപ്പിച്ച നാളിൽ തന്നെയാണ് വീണ്ടും ഞാനവളെ കണ്ടത്. റോഡരികിൽ, തൊട്ടാവാടി ചെടികളിൽ നിന്നും കുഞ്ഞുപുഷ്പങ്ങൾ ശേഖരിക്കുകയായിരുന്നവൾ. പുറം തിരിഞ്ഞിരിക്കുന്നതിനാൽ അവൾ എന്നെ കണ്ടിട്ടില്ല. ഏതാനും നിമിഷങ്ങൾ അവളറിയാതെ നോക്കി നിന്നു. മുള്ളുകൾ കോറാതെ വളരെ സൂക്ഷ്മമായായിരുന്നു ആ കുഞ്ഞു കൈകൾ ചലിപ്പിച്ചിരുന്നത്. ഓരോ പൂവും ഇറുക്കുന്നതിനു മുമ്പ് ചൂണ്ടുവിരൽ കൊണ്ടു ഇലകളിൽ തല്ലുന്നതും ഇലകൾ ചുരുണ്ടു കൂടുന്നത് നോക്കി രസിക്കുന്നതും കണ്ടപ്പോൾ എനിക്കു കൂടുതൽ കൗതുകമായി. ഏതായാലും അന്നത്തെ പോലെ സംഭവിച്ച് കൂട, കുറച്ചപ്പുറത്ത് നിന്നും രണ്ടു മൂന്ന് തൊട്ടാവാടിപ്പൂക്കൾ ഞാൻ പറിച്ചു. മെല്ലെ അവളുടെ പിന്നിലൂടെ, തലക്കു മുകളിലൂടെ ആ പൂക്കൾ അവളുടെ മുമ്പിലേക്കു നീട്ടി. എന്താണു സംഭവിച്ചതെന്നറിയാതെ അവൾ ചാടി എണീറ്റു, അന്നത്തെ പോലെ അവൾ ഇന്നും ഓടിപോവുമെന്നു ഒരു നിമിഷം എനിക്കു തോന്നി. പക്ഷെ അവൾ ഓടിയില്ല, എന്റെ കൈകളിൽ നിന്നും പൂക്കൾ വാങ്ങിച്ചതുമില്ല. ഭയത്തെക്കാളും ഒരുതരം അമ്പരപ്പായിരുന്നു അവളുടെ മുഖത്തപ്പോൾ.
“മോളുടെ പേരെന്താ?” അവളുടെ തലമുടിയിൽ തഴുകി കൊണ്ടു ഞാൻ ചോദിച്ചു. എന്റെ മുഖത്തെ പുഞ്ചിരിയും എന്റെ ചോദ്യവും അവളുടെ അമ്പരപ്പിനെ തെല്ലൊന്നു കുറച്ചു എന്ന് അവളുടെ മുഖം കണ്ടപ്പോൾ തോന്നി. വീണ്ടും ആവർത്തിച്ചു പേരു ചോദിച്ചപ്പോൾ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു: "ദേവി".
ഞാൻ കയ്യിൽ കരുതിയിരുന്ന മിഠായി അവൾക്ക് നേരെ നീട്ടി. ആദ്യം വേണ്ട എന്നർത്ഥത്തിൽ തലയാട്ടിയെങ്കിലും വീണ്ടും നിർബന്ധിച്ചപ്പോൾ അവളതു വാങ്ങി. അവളുടെ ചുണ്ടിൽ പുഞ്ചിരി കണ്ടപ്പോൾ എനിക്കു സമാധാനമായി. ഇന്നാണവളുടെ മുഖം ശരിക്കും
കണ്ടത് . സ്വൽപം ഇരുണ്ടതെങ്കിലും വളരെ ഭംഗിയായിരുന്നു ആ മുഖത്തിന്. അഞ്ചിനും
ആറിനും ഇടയിൽ പ്രായമെന്നും തോന്നി. മുഷിഞ്ഞ അവളുടെ ഉടുപ്പു കീറി തുടങ്ങിയിരുന്നു. അകാലത്തിൽ പൊഴിഞ്ഞു പോയ എന്റെ കുഞ്ഞുപെങ്ങളുടെ മുഖം ഞാൻ അവളിൽ കണ്ടു.
“മോളുടെ അമ്മയെവിടെ?”
ആ കുഞ്ഞ്‌കൈ കുറച്ചു ദൂരത്തേക്കു ചൂണ്ടിക്കാണിച്ചു. ആ വലിയ ആൽമരച്ചുവട്ടിൽ ഏതാനും ദിവസങ്ങളായി തമ്പടിച്ചു കഴിയുന്ന നാടോടികളെ ഞാനും ശ്രദ്ധിച്ചിരുന്നു. കരിങ്കൽ കല്ലുകളിൽ നല്ല ഭംഗിയുള്ള അമ്മിയുണ്ടാക്കുന്ന സ്ത്രീകളേയും അവ ചുമലിലേറ്റ് നടന്നു വിൽക്കുന്ന അവരിലെ പുരുഷന്മാരേയും അവരെ ജോലികളിൽ സഹായിക്കുന്ന അവരുടെ മക്കളെയും അധ്വാനത്തിന്റെ മഹത്തായ മാതൃകകളായി എനിക്കു തോന്നിയിരുന്നു. നാലു സ്ത്രീകളും രണ്ടു ആൺകുട്ടിക്കളും മറ്റൊന്നിലും ശ്രദ്ധിക്കാതെ ജോലി തുടരുകയാണ്. ആരെന്നു വ്യക്തമായില്ലെങ്കിലും ആ നാലു പേരിൽ ഒരാളാണു ദേവിയുടെ അമ്മ എന്നു എനിക്കു മനസ്സിലായി.
പിന്നെ ഇടക്കൊക്കെ ഞങ്ങൾ കാണുക പതിവായി. തമിഴ് ചുവയുള്ള അവളുടെ കിളിക്കൊഞ്ചൽ കേൾക്കാൻ നല്ല രസകരമായിരുന്നു. അവളുടെ ‘അണ്ണാ’ എന്ന വിളി കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും, എന്റെ കുഞ്ഞുപെങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത്പോലെ ‘ഇക്കാ’ എന്നു വിളിക്കാൻ പ്രായമായേനെ എന്നോർക്കുമ്പോൾ....
ആദ്യമൊക്കെ അവളുടെ അച്ചനും അമ്മയും സംശയത്തോടെയാണ് എന്നെ നോക്കിയിരുന്നത്. പിന്നെപ്പിന്നെ അവർക്കും എന്നെ വിശ്വാസമായി.
ഇടക്കിടെ വീട്ടിൽ നിന്നും പലഹാരങ്ങളും പഴങ്ങളും ചോർത്തി എന്റെ ദേവിക്കു നൽകുക പതിവായി. പക്ഷെ അവൾക്കു ഇഷ്ട്മുള്ളത് പൂക്കളോട് മാത്രമാണെന്നു തോന്നിയിരുന്നു. അവളെന്നോട് ആകെ ആവശ്യപ്പെട്ടതും പൂക്കൾ മാത്രമായിരുന്നു. ഒരിക്കൽ, റോഡരികിലെ കൂറ്റൻ ബംഗ്ലാവിന്റെ പൂന്തോട്ടത്തിലേക്കു ചൂണ്ടിക്കാണിച്ചു ഇത് പോലെ ഒരു റോസാ പൂവ് വേണമെന്നവൾ ആവശ്യപ്പെട്ടു. എന്റെ വീട്ടിൽ ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നെങ്കിലും അതിൽ റോസ് പുഷ്പം ഉണ്ടായിരുന്നില്ല. മുല്ല പൂക്കൾ ധാരാളമുണ്ടായിരുന്നു. മിക്ക ദിവസവും രാവിലെ കോളേജിലേക്കു പോവുമ്പോൾ മുല്ലപ്പൂക്കൾ കൊണ്ട് പോയി അവളുടെ തലയിൽ ചൂടുകപതിവായി.
അന്നും കോളേജിലേക്കുള്ള വഴി മദ്ധ്യെ ഒരു കൈകുമ്പിൾ മുല്ല പൂക്കളുമായി എന്റെ ദേവിയെ ലക്ഷ്യമാക്കി ഞാൻ നടന്നു. പക്ഷെ ഞാൻ കണ്ട അതിദാരുണമായ ആ കാഴ്ച... ജീവിതത്തിലൊരിക്കലും എന്റെ കണ്ണിൽ നിന്നും മാഞ്ഞു പോവാത്ത ആ കാഴ്ച... ആദ്യം എന്താണെന്നു മനസ്സിലായില്ല. വലിയ ആൾകൂട്ടവും ആകെ ബഹളവും. ജനക്കൂട്ടത്തിന്റെ മദ്ധ്യത്തിൽ എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.
“എന്താ കാര്യം..” അടുത്തു കണ്ട ഒരാളോട് ഞാൻ ചോദിച്ചു..
“എന്തോ മോഷണ കേസാ...” അയാൾ അലക്ഷ്യമായി മറുപടി പറഞ്ഞു.
ഇതിനിടയിലാണ് ആ കൊച്ചു രോദനം എന്റെ കാതിൽ വന്നലച്ചത്... എന്റെ നെഞ്ചിനകത്ത് കൂടി ഒരു മിന്നൽ പിണർ പാഞ്ഞു... എങ്ങിനെയൊക്കൊയോ ആളുകൾക്കിടയിലൂടെ ഞാൻ നുഴഞ്ഞു കയറി... കണ്ട കാഴ്ച എന്നെ തളർത്തി.. എന്റെ ദേവി മൊളെയും അവളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന അവളുടെ അമ്മയേയും ചിലർ തല്ലിച്ചതക്കുന്നു... കുറെ പേർ അതു കണ്ട് ആസ്വദിച്ചു നിൽക്കുന്നു. ചില ആളുകൾ എല്ലാം മൊബൈൽ കാമറയിൽ പകർത്തുന്നു... എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ഒരു നിമിഷം നിന്നപ്പോഴെക്കും എവിടുന്നോ പോലീസ് ജീപ്പ് ഓടിയടുത്തു. തളർന്ന ദേവിയെയും അമ്മയെയും പോലിസ് ജീപ്പിലേക്കു വലിച്ചിടുമ്പോൾ ദേവിയുടെ കയ്യിൽ ഞാൻ ആ മോഷണ വസ്തു കണ്ടു, അന്നൊരിക്കൽ അവൾ എനിക്കു ചൂണ്ടികാണിച്ചു തന്ന ആ റോസാപൂ!
ഇന്നിപ്പോൾ ആലിൻമരച്ചുവട് ശൂന്യമാണു. അവരൊക്കെയും എവിടെയോ പോയി മറഞ്ഞിരിക്കുന്നു. എന്നിട്ടും എന്നെങ്കിലും എന്റെ ദേവി തിരിച്ചു വരുമെന്ന പ്രതീക്ഷയുമായി ഇന്നും ഞാൻ ആ ആലിൻ ചുവട്ടിലെത്തുന്നു... ഒരിറ്റ് കണ്ണീർ ചാലിച്ചു കയ്യിലെ മുല്ലപ്പൂക്കൾ എന്റെ ദേവിക്ക് വേണ്ടി ഞാൻ അവിടെ സമർപ്പിക്കുന്നു..
ഇപ്പോഴും, പാതി കൊത്തിതീർത്ത അമ്മിക്കല്ലുകൾ, മനുഷ്യ ഹ്രദയങ്ങളുടെ പ്രതീകമെന്നോണം അവിടെ കാണാം.


